തിരുവനന്തപുരം: എവൈഎഫും എഐഎസ്എഫും നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ പോലീസ് പ്രയോഗിച്ച ജലപീരങ്കിയെച്ചൊല്ലി സഭയിൽ ഭരണ-പ്രതിപക്ഷ പോര്. പ്രതിഷേധക്കാർക്ക് നേരെ പോലീസ് ഉപയോഗിച്ചത് മലിനജലമാണെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ കുപ്പിവെള്ളവുമായി എത്തി.
അമീബിക് മസ്തിഷ്ക ജ്വരം പകർത്താൻ സാധ്യതയുള്ള അത്യന്തം അപകടകരമായ മലിനജലമാണ് സമരക്കാർക്ക് നേരെ പ്രയോഗിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. വിഷയം ഗൗരവമായി കാണണമെന്നും ആഭ്യന്തര മന്ത്രി മറുപടി പറയണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരളത്തിൽ ആദ്യമായിട്ടല്ലല്ലോ ജലപീരങ്കി എന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി.
വാട്ടർ അഥോറിറ്റിയിൽനിന്നുള്ള വെള്ളമാണ് ജലപീരങ്കിയിൽ നിറയ്ക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. എങ്കിലും വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സാമ്പിൾ ലാബിലേക്ക് അയക്കാമെന്ന് അദ്ദേഹം ഉറപ്പുനൽകി. ലാബ് പരിശോധനാഫലം വന്നതിനുശേഷം വിഷയം കൂടുതൽ ചർച്ചചെയ്യാമെന്ന് സ്പീക്കറും വ്യക്തമാക്കി.
ജലപീരങ്കിയെയും വെടിവെയ്പ്പിനെയും ഭയമില്ലെന്ന് പറഞ്ഞ കെ. രാജന് മലിന വെള്ളത്തിൽ പെൺകുട്ടികളുടെ ചുരിദാറിന്റെ കളർ വരെ മാറിയെന്നും ആരോപിച്ചു. ചന്ദ്രശേഖർനായർ സ്റ്റേഡിയത്തിന് സമീപം പ്രതിഷേധത്തിനിടെ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ മൂന്ന് തവണയാണ് പോലീസ് ജലപീരങ്കി പ്രയോഗിച്ചത്.
ആദ്യം കട്ടചെളിയും പിന്നീട് മഞ്ഞ നിറത്തിലുള്ള കലക്കവെള്ളവുമാണ് ടാങ്കിൽനിന്ന് ചീറ്റിയതെന്ന് പ്രതിഷേധക്കാർ പരാതിപ്പെട്ടിരുന്നു. വെള്ളം വീണതോടെ പ്രവർത്തകർക്ക് ശരീരമാകെ ചൊറിച്ചിൽ അനുഭവപ്പെട്ടതായും നേതാക്കൾ പറഞ്ഞു.